1. മാലിന്യ സംസ്കരണ പരിപാടികൾ
കമ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക സമൂഹം, സ്കൂൾ വിദ്യാർത്ഥികൾ, സന്നദ്ധപ്രവർത്തകർ, ഗുണഭോക്താക്കൾ എന്നിവരുടെ സഹായത്തോടെ ജലാശയത്തിലും കണ്ടൽക്കാടിലും പക്ഷിസങ്കേതത്തിലും തള്ളുന്ന/ ഒഴുകുന്ന മാലിന്യങ്ങൾ നീക്കംചെയ്യുന്നതിന് ആനുകാലിക ശുചീകരണ പരിപാടികൾ നടത്തിവരുന്നു.
2. പരിസ്ഥിതി വികസന പ്രവർത്തനങ്ങൾ
കമ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മറ്റിയുടെ ശ്രദ്ധ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് നിലവിലുള്ള കണ്ടൽക്കാടുകളുടെ പരിസ്ഥിതി വ്യവസ്ഥ, തണ്ണീർത്തടങ്ങളുടെ സുസ്ഥിരവും സമർത്ഥവുമായ ഉപയോഗം, പ്രാദേശിക സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനം / ഉയർച്ച, കമ്മ്യൂണിറ്റി റിസർവിന്റെ സംരക്ഷണം എന്നിവയിലാണ്. നിലവിലുള്ള കണ്ടൽക്കാടുകളുടെയും അനുബന്ധ സസ്യജന്തുജാലങ്ങളുടെയും സംരക്ഷണം അവയുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിലൂടെയും സ്പീഷീസ് മാനേജ്മെന്റ് പ്ലാനിലൂടെയും ഉറപ്പാക്കുന്നു. കമ്മ്യൂണിറ്റി റിസർവിന്റെ പ്രകൃതി വിഭവങ്ങളിൽ അവയുടെ ശേഖരണത്തിലൂടെയും പ്രാദേശിക സമൂഹം അവരുടെ ഉപജീവനത്തിനായി ആശ്രയിക്കുന്ന കടലുണ്ടി നദിയിലൂടെയും പ്രാദേശിക സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക ഉന്നമനം ഉറപ്പാക്കേണ്ടതുണ്ട്.
3. സാമൂഹിക പ്രവർത്തനങ്ങൾ
കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്വ് പ്രദേശത്തെ ഗുണഭോക്താക്കളുടെ ഉന്നമനത്തിനായി കമ്യൂണിറ്റി റിസർവ്വ് മാനേജ്മെന്റ് കമ്മറ്റി (CRMC) വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. പേപ്പർ പേന നിർമ്മാണം, മുള കൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണം, കക്ക വളർത്തൽ തുടങ്ങിയവയിൽ ഗുണഭോക്താക്കൾക്കായി സ്വയംതൊഴിൽ പരിശീലനങ്ങളും വിവിധ ഏജൻസികളുടെ സഹകരണത്തോടെ സംഘടിപ്പിക്കാറുണ്ട്. ഇതോടൊപ്പം പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും സ്കൂൾ / കോളേജ് വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്യാമ്പുകൾ നടത്തുകയും വിനോദസഞ്ചാരികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകുകയും KVCR ന്റെയും സമീപത്തുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെയും ഇക്കോടൂറിസം ഗൈഡുമാർക്കും ആനുകാലിക പരിശീലനം നൽകുകയും ചെയ്യുന്നു.