കമ്യൂണിറ്റി റിസർവ്വ്

വന്യമൃഗ സംരക്ഷണ കേന്ദ്രമോ സംരക്ഷണ റിസർവ്വോ അല്ലാത്ത സ്ഥലങ്ങളിൽ ഉള്ള സസ്യജന്തുജാലങ്ങളുടെ സംരക്ഷണത്തിനായോ പരമ്പരാഗതവും സാംസ്കാരികവുമായ പൈതൃകത്തെയും മൂല്യങ്ങളെയും സംരക്ഷിക്കുവാനായോ വ്യക്തികളുടെയോ സമൂഹത്തിന്റെയോ താല്പര്യപ്രകാരം സംസ്ഥാനസർക്കാർ 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 36 (സി)പ്രകാരം പ്രഖ്യാപിക്കുന്ന സ്ഥലമാണ് കമ്യൂണിറ്റി റിസർവ്വ്.

കടലുണ്ടിവള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് (KVCR)

KVCRകോഴിക്കോട് – മലപ്പുറം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കടലുണ്ടി, വള്ളിക്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ പ്രഥമ കമ്യൂണിറ്റി റിസർവ് ആണ് കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ മേഖല ജൈവവൈവിധ്യത്തിന്റെ ഒരു കലവറയാണ്. കടലുണ്ടിപ്പുഴയ്ക്ക്  അഴക് ചാർത്തിനിൽക്കുന്ന കണ്ടൽച്ചെടികളും ദേശാടനപ്പക്ഷികളുടെയും  മറ്റ് സ്വദേശ പക്ഷികളുടെയും   സാന്നിധ്യവും ഇവിടത്തെ പ്രത്യേകതയാണ്. കൂടാതെ അനേകയിനം മത്സ്യങ്ങൾ, ഞണ്ടുകൾ, തവളകൾ, കടലാമകൾ ഉൾപ്പടെയുള്ള വിവിധയിനം ഉരഗങ്ങൾ, സസ്തനികൾ, വിവിധ സസ്യങ്ങൾ എന്നിവയുടെ ആവാസകേന്ദ്രവുമാണിവിടം. തെങ്ങിൻ തോപ്പുകൾ നിറഞ്ഞ വലുതും ചെറുതുമായ തുരുത്തുകളും വേലിയേറ്റ വേലിയിറക്ക പ്രതിഭാസവും കടലുണ്ടിപ്പുഴയുടെ അഴിമുഖവും ഏവർക്കും ഇഷ്ടപ്പെടുന്നതാണ്.

 

കമ്യൂണിറ്റി റിസർവ് മാനേജ്‌മെന്റ് കമ്മറ്റി കേരള വനംവകുപ്പിന്റെ പിന്തുണയോടെ പ്രകൃതിരമണീയമായ ഈ ജൈവവൈവിധ്യ കലവറയെ മികച്ച രീതിയിൽ സംരക്ഷിച്ചു വരുന്നുണ്ട്. തദ്ദേശീയരുടെ സർവ്വതോൻമുഖമായ ഉന്നതി ലക്ഷ്യംവെച്ച് ജനപിന്തുണയോടെ പരിസ്‌ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ ഇക്കോ ടൂറിസം പ്രവർത്തനങ്ങളും കമ്യൂണിറ്റി റിസർവ് മാനേജ്‌മെന്റ് കമ്മറ്റി നടത്തിവരുന്നുണ്ട്. വിവിധ തലങ്ങളിലുള്ളവർക്ക് പ്രകൃതി പഠനത്തിനും ഗവേഷണത്തിനും അനുയോജ്യമായ കമ്യൂണിറ്റി റിസർവ് മേഖലയിൽ ശുചിമുറികളും, വിശ്രമകേന്ദ്രങ്ങളും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. 

ലോകപ്രശസ്ത പക്ഷിശാസ്ത്രജ്ഞനായ ഡോ:സലിം അലി ഉൾപ്പടെയുള്ളവർ അത്യപൂർവ്വയിനം ദേശാടനപ്പക്ഷികൾ എത്തുന്ന കേന്ദ്രമായി രേഖപ്പെടുത്തിയ ഈ കമ്യൂണിറ്റി റിസർവ് മേഖലയിലെ കണ്ടൽക്കാടുകളുടെ ഇടയിൽ കൂടിയുള്ള തോണി യാത്ര ഒരു അവിസ്മരണീയ അനുഭവം തന്നെയാണ്.

കടലുണ്ടിപ്പുഴയുടെ അഴിമുഖത്തുള്ള പാലത്തിൽ നിന്നുകൊണ്ട് സൂര്യാസ്തമയം ദർശിക്കുന്നതും, നൂറ് കണക്കിനുള്ള ദേശാടനപ്പക്ഷികളുടെ കൂടണയലും കൂടാതെ തീരത്തോട് മല്ലടിക്കുന്ന തിരമാലകളുമെല്ലാം ഒരുമിച്ചുകാണുന്നത് ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. 

കടലുണ്ടി റെയിൽവേ സ്റ്റേഷന് സമീപമുള്ള കെവിസിആർ ഓഫീസിൽ ബോട്ട് ജെട്ടി, വെയിറ്റിംഗ് ഷെഡുകൾ, ടോയ്‌ലറ്റുകൾ, പാർക്കിംഗ് ഏരിയ തുടങ്ങി സന്ദർശകർക്ക് വേണ്ട എല്ലാ അവശ്യ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . ഇതോടൊപ്പം തന്നെ മതിയായ സുരക്ഷാ സംവിധാനങ്ങളോടുകൂടി സ്‌കൂളുകൾക്കും കോളേജുകൾക്കും മറ്റ് സംഘടനകൾക്കുമായി ഗ്രൂപ്പ് ടൂറുകൾക്ക് ആവശ്യമായ തരത്തിൽ നാടൻ ബോട്ടുകളും ഇവിടെ സർവീസ് നടത്തുന്നുണ്ട്.

താമസ സൗകര്യങ്ങൾ

കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്വ് സന്ദർശകർക്കായി നിലവിൽ താമസസൗകര്യം പ്രദാനം ചെയ്യുന്നില്ല. കടലുണ്ടി പുഴയുടെ തീരത്തായി വള്ളിക്കുന്ന് ഭാഗത്തും കടലുണ്ടി ഭാഗത്തും ഏതാനും ഗവണ്മെന്റ് അംഗീകൃത ഹോം സ്റ്റേകൾ പ്രവർത്തിക്കുന്നുണ്ട്, സമീപനഗരങ്ങളിലും കോഴിക്കോട് നഗരത്തിലും താമസത്തിനായി ഗുണനിലവാരമുള്ള ഹോട്ടലുകൾ ലഭ്യമാണ്.

എങ്ങിനെ എത്തിച്ചേരാം?

റോഡ് മാർഗ്ഗം 

കോഴിക്കോട് നിന്നും 19 കി.മീ 

കൊച്ചിയിൽ നിന്നും 166 കി.മീ

അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ:
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ – 19 കി.മീ

കടലുണ്ടി റെയിൽവേ സ്റ്റേഷൻ – 200 മീറ്റർ 

അടുത്തുള്ള എയർപോർട്ട്

കോഴിക്കോട് (കരിപ്പൂർ) വിമാനത്താവളം – 19 കി.മീറ്റർ 

സന്ദർശിക്കാൻ ഏറ്റവും നല്ല സീസൺ:

സെപ്റ്റംബർ മുതൽ ഏപ്രിൽ മാസം വരെ (വർഷം മുഴുവനും തുറന്നിരിക്കുന്നു)