പരിസ്ഥിതി വ്യവസ്ഥയുടെ ആരോഗ്യത്തിന്റെ സൂചകങ്ങളാണ് പക്ഷികൾ. കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് പ്രദേശം  ധാരാളം ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമാണ് . ആഗോളതാപനവും അതുമായി ബന്ധപ്പെട്ട കാലാവസ്ഥാ വ്യതിയാനവും കാരണം ഈ പ്രദേശത്തെത്തുന്ന ദേശാടനപക്ഷികളുടെ എണ്ണം കുറഞ്ഞതായി കാണുന്നു.

ജലസ്രോതസ്സുകളിലും കണ്ടൽക്കാടുകളിലും തള്ളുന്ന/ പൊങ്ങിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി പ്രാദേശിക സമൂഹം, സ്കൂൾ വിദ്യാർത്ഥികൾ, സന്നദ്ധപ്രവർത്തകർ, ഗുണഭോക്താക്കൾ എന്നിവരുടെ സഹായത്തോടെയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഇതോടൊപ്പം തന്നെ പക്ഷി നിരീക്ഷകരുമായി ഒത്തു ചേർന്ന് കൃത്യമായ ഇടവേളകളിൽ പക്ഷികളുടെ കണക്കെടുപ്പ്, പ്രജനനവിവരങ്ങൾ ലഭ്യമാക്കൽ, ആനുകാലിക ശുചീകരണ പരിപാടികൾ എന്നിവയും കമ്യൂണിറ്റി റിസർവ് മാനേജ്‌മെന്റ് കമ്മറ്റി നടത്തുന്നുണ്ട് . കണ്ടൽക്കാടുകളിലെ മാലിന്യനിർമ്മാർജ്ജനം, പക്ഷികൾക്ക് ദോഷകരമായ വസ്തുക്കൾ നീക്കം ചെയ്യുക (മത്സ്യബന്ധന വലകൾ, കെണികൾ മുതലായവ) എന്നീ പ്രവർത്തനങ്ങളും ഇതോടൊപ്പം നടത്തിവരുന്നു.